നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ
ഷീബ വിജയൻ
നടിയെ ആക്രമിച്ച കേസിൽ തനിക്ക് ലഭിച്ച 20 വർഷത്തെ കഠിനതടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ലെന്നും അതിനാൽ ഈ ആരോപണം നിയമപരമായി നിലനിൽക്കില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കൃത്യത്തിന് ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ ചോദ്യം ചെയ്യുകയോ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സുനി വാദിക്കുന്നു. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിലെ കാലതാമസം തെളിവുകളിൽ കൃത്രിമം നടക്കാൻ കാരണമായിട്ടുണ്ടാകാമെന്ന തന്റെ വാദം വിചാരണ കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. കേസിൽ മറ്റ് പ്രതികളായ വടിവാൾ സലീമും പ്രദീപും നേരത്തെ തന്നെ അപ്പീൽ നൽകിയിരുന്നു.
ddfsdfsfdasfds


