അഞ്ചാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം; ബഹ്‌റൈനിൽനിന്ന് 17 പ്രതിനിധികൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ സംഗമവേദിയായ അഞ്ചാം ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ജനുവരി 31 വരെയാണ് സമ്മേളനം നടക്കുന്നത്. ബഹ്‌റൈനിൽ നിന്നുള്ള 17 അംഗങ്ങളാണ് ഇത്തവണ സഭയിൽ പങ്കെടുക്കുന്നത്.
ഇന്ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനത്തിന് തുടക്കമാകും. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സഭാ നടപടികൾ നടക്കും. 182 പ്രവാസി അംഗങ്ങളും മുന്നൂറോളം പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്ന ഇത്തവണത്തെ സഭയിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഏഴ് മേഖലകളിലെ വിഷയങ്ങളിൽ എട്ട് പ്രധാന ചർച്ചകൾ നടക്കും. നേരത്തേയുള്ള പതിനാറ് ബഹ്റൈൻ പ്രവാസി പ്രതിനിധികൾക്കൊപ്പം വി.കെ.എൽ അൽ നമൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണിതാവായി സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.
മുൻ ലോക കേരള സഭകളിലെ നിർദ്ദേശങ്ങൾ പരിഗണിച്ച് പ്രവാസി മിഷൻ, നോർക്ക കെയർ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ തുടങ്ങിയ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കൂടുതൽ കർമ്മപദ്ധതികൾ അഞ്ചാം ലോക കേരള സഭയിൽ രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 30ന് യൂണിവേഴ്സിറ്റി കോളേജിൽ 'നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നുണ്ട്.
sdfsdf



