യാത്രാ വിവാദം: വിശദീകരണവുമായി സമാജം പ്രസിഡണ്ട്

മനാമ: ബഹ്റൈൻ കേരളീയ സമാജം ചാർട്ടേർഡ് സർവ്വീസുകൾ നടത്തിയത് ബഹ്റൈനിലെ രണ്ട് ട്രാവൽ ഏജൻസികൾ മുഖേനയാണെന്നും കോവിഡ് സാഹചര്യങ്ങളും യാത്രാ നിരോധനവും കാരണമായി പ്രവാസികൾ യാത്രയ്ക്ക് പ്രയാസങ്ങൾ അനുഭവിച്ച ഘട്ടത്തിലാണ് സമാജം യാത്രാ ദുരിതമകറ്റാൻ മുന്നിട്ടിറങ്ങിയതെന്നും സമാജം പ്രസിഡൻ്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.
എയർ ബബിൾ പ്രഖ്യാപിച്ച ഉടനെ തന്നെ സമാജം വഴിയുള്ള ബുക്കിംങ്ങ് നിർത്തിവെച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മുൻകൂട്ടി സമാജം മുഖേന രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ പൂർത്തിയാക്കിയ 900ത്തോളം യാത്രക്കാരെ ബഹ്റൈനിലെത്തിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റാനായി ഗൾഫ് എയർ ചാർേട്ടഡ് വിമാനത്തിൽ കൊണ്ടുവരാൻ കരാറുണ്ടാക്കിയിരുന്നു. ഈ യാത്രക്കാരാണ് എയർ ബബിൾ കരാർ ഒപ്പിട്ട ശേഷം ഗൾഫ് എയർ വിമാനങ്ങളിലായി വരുന്നത്.
എന്നാൽ ഈ വിമാനങ്ങളിൽ സമാജം വഴി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ മാത്രമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്രക്കാരിൽ 120 പേർ വീതം സെപ്റ്റംബർ 15ന് തിരുവനന്തപുരത്തു നിന്നും 16ന് കോഴിക്കോട്ടുനിന്നുമുള്ള വിമാനങ്ങളിൽ ബഹ്റൈനിൽ എത്തി. ഇന്ന് സെപ്തംബർ 17ന് കൊച്ചിയിൽ നിന്നുള്ള വിമാനത്തിൽ 90 പേരും 18ന് കോഴിക്കോട്ടു നിന്ന് 120 പേരും എത്തും. ബാക്കിയുള്ള 450 പേർ 22, 26, 27, 28 തീയതികളിലുള്ള വിമാനങ്ങളിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു.