പ്രവാ­സി­കൾ­ക്കും തു­ണയാ­യി­ ‘കേ­രളാ­ എമർ­ജൻ­സി­ ടീം’


മനാമ : ജീവകാരുണ്യ രംഗത്ത് തുണയായി നിലകൊള്ളുന്ന കേരളാ എമർജൻസി ടീം പ്രവാസികൾക്കും ഇപ്പോൾ സഹായങ്ങളുമായി രംഗത്തെത്തുന്നു. പ്രവാസലോകത്ത് നിന്ന് അത്യാസന്നമായി നാട്ടിലെ ആശുപത്രിയിലേക്ക് പോകുന്നവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്‌തുകൊണ്ട് ജീവകാരുണ്യ രംഗത്ത് പുതിയ പാതകൾ തുറക്കുകയാണ് ഇതിലെ വൊളണ്ടിയർമാർ. സ്വന്തമായി ആംബുലൻസ് സംവിധാനവും എല്ലാ ജില്ലയിലും പ്രവർത്തകരുമുള്ള ഈ സംഘടന കഴിഞ്ഞ ദിവസം ബഹ്‌റൈൻ പ്രവാസിയായ ഗംഗാധരനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും മംഗലാപുരത്ത് എത്തിച്ചത് ശരവേഗത്തിലായിരുന്നു. എമർജൻസി ടീം അംഗമായ സുധീർ തിരുനിലത്തിന്റെ നിർദ്ദേശപകാരമാണ് എമർജൻസി ടീം തീർത്തും സൗജന്യമായി ഈ ദൗത്യം ഏറ്റെടുത്തത്. 

കഴിഞ്ഞ ഒരു മാസക്കാലമായി സൽമാനിയ ആശുപത്രിയിൽ പക്ഷാഘാതം പിടിപെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു കാസർഗോഡ് കാഞ്ഞങ്ങാട് പുല്ലൂർ സ്വദേശി ഗംഗാധരൻ. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് തുണിക്കടയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഒരു ഭാഗം തളർന്ന അദ്ദേഹത്തിന് സൽമാനിയ ആശുപത്രിയിലെ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം സംസാര ശേഷിയും ഭാഗികമായ ഓർമ്മ ശക്തിയും തിരിച്ചു കിട്ടിയെങ്കിലും വിദഗ്ദ്ധ ന്യൂറോ ചികിത്സ ആവശ്യമായിരുന്നു. തുടർന്ന് മംഗലാപുരത്തെ പ്രമുഖ ന്യൂറോ സർജന്റെ ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ ഈ അവസ്ഥയിൽ ഇദ്ദേഹത്തെ കൊണ്ട് പോകാൻ പരിചിതയായ ഒരു നഴ്‌സും സഹായിയും സ്ട്രക്ച്ചറും ആവശ്യമായിരുന്നു. മംഗലാപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റിൽ നിലവിൽ സ്ട്രക്ച്ചർ സൗകര്യം ലഭ്യമല്ലാത്തതിനാൽ കൊച്ചിയിലേയ്ക്കുള്ള ഫ്‌ളൈറ്റ് മാത്രമായിരുന്നു ആശ്രയം. 

സുധീർ തിരുനിലത്ത് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഗംഗാധരനെ നാട്ടിലേയ്ക്ക് അയക്കാനുള്ള സഹായം ആവശ്യപ്പെടുകയും എംബസി അതി വേഗത്തിൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയുമായിരുന്നു. ഇന്നലെ ഗൾഫ് എയറിൽ ഗംഗാധരനോടൊപ്പം മകൻ സുധിൻ, സൽമാനിയ ആശുപത്രിയിലെ നഴ്‌സ് എന്നിവർ കൊച്ചിയിലേയ്ക്ക് യാത്രയാവുകയായിരുന്നു. കൊച്ചിയിൽ നിന്ന് കേരളാ എമർജൻസി ടീം അംഗങ്ങൾ ഏറ്റെടുത്ത അദ്ദേഹത്തെ കുറഞ്ഞ സമയത്തിനുള്ളിൽ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചു. വഴി തടസ്സങ്ങൾ ഒഴിവാക്കാൻ ടീം അംഗങ്ങളും പോലീസും വലിയ തോതിലുള്ള സന്നാഹങ്ങൾ നടത്തിയിരുന്നതായി ടീമിന്റെ ബഹ്‌റൈൻ കോ-ഓർഡിനേറ്റർ സുധീർ തിരുനിലത്ത് പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും തക്ക സമയത്ത് തന്നെ സഹായം ലഭ്യമായതിനാൽ കൂടിയാണ് ഈ ദൗത്യം വിജയത്തിലേയ്ക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed