സോഷ്യൽ മീഡിയയിലെ ഓരോ 'റീപോസ്റ്റും' കുറ്റകൃത്യം; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: സോഷ്യൽ മീഡിയയിലൂടെ വ്യാജമോ വിദ്വേഷം പടർത്തുന്നതോ ആയ വിവരങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ബഹ്‌റൈൻ സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി സഹ്‌റ മുറാദ് മുന്നറിയിപ്പ് നൽകി. ഒരാൾ പങ്കുവെക്കുന്ന പോസ്റ്റ് മറ്റൊരാൾ റീപോസ്റ്റ് ചെയ്യുന്നത് പോലും സ്വതന്ത്രമായ ഒരു കുറ്റകൃത്യമായി പരിഗണിക്കും. ബഹ്‌റൈൻ ടിവിയിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും നിയമത്തിന് മുന്നിൽ തുല്യമായ ഉത്തരവാദിത്തമാണുള്ളതെന്നും അവർ വ്യക്തമാക്കി.
ബഹ്‌റൈൻ ഭരണഘടനയുടെ 23-ാം അനുച്ഛേദപ്രകാരം അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഇസ്‌ലാമിക വിശ്വാസം, ദേശീയ സുരക്ഷ, ജനങ്ങളുടെ ഐക്യം, പൊതുസമാധാനം എന്നിവയെ ബാധിക്കുന്ന തരത്തിൽ ഈ അവകാശം ഉപയോഗിക്കാൻ പാടില്ല. ഒരു വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനോ ഷെയർ ചെയ്യുന്നതിനോ മുൻപ് അതിന്റെ സത്യസന്ധതയും ഉറവിടവും ഉപയോക്താക്കൾ പരിശോധിക്കണം. വിദ്വേഷം പടർത്തുന്നതോ വിഭാഗീയത ഉണ്ടാക്കുന്നതോ ആയ പ്രചാരണങ്ങൾക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും സഹ്‌റ മുറാദ് ഓർമ്മിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകളും വ്യാജചിത്രങ്ങളും നിർമ്മിക്കുന്നവർക്കെതിരെയും പ്രോസിക്യൂഷൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സാങ്കേതിക ലാബ് ഉപയോഗിച്ച് ഇത്തരം വ്യാജരേഖകളുടെ ഉറവിടം കണ്ടെത്താൻ സാധിക്കും. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2022 നവംബറിലാണ് സൈബർ ക്രൈം പ്രോസിക്യൂഷൻ രൂപീകരിച്ചത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കുന്നത് ഓരോ പൗരന്റെയും നിയമപരവും ദേശീയവുമായ കടമയാണെന്ന് അധികൃതർ വ്യക്തമാക്കി.
wswaqswqqw



