പള്ളികളിലെ സ്ത്രീപ്രവേശനം: കോടതി ഇടപെടരുത്, തീരുമാനമെടുക്കേണ്ടത് പള്ളി കമ്മിറ്റികളെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്
ശാരിക I ദേശീയം
ന്യൂഡൽഹി: രാജ്യത്തെ മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്ന് ബോർഡ് കോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ മതാചാരങ്ങളിലെ കോടതി ഇടപെടൽ പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് നൽകിയ രേഖാമൂലമുള്ള വാദത്തിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.
ആരാധനാലയങ്ങളിലെ പ്രവേശന നിയന്ത്രണങ്ങൾ മതപരമായ ആചാരങ്ങളുടെ ഭാഗമാണെന്നും അതിൽ സർക്കാരോ കോടതികളോ ഇടപെടുന്നത് ശരിയല്ലെന്നും ബോർഡ് വാദിക്കുന്നു. പള്ളികളിലെ ക്രമീകരണങ്ങൾ നിശ്ചയിക്കാൻ ഭരണഘടനയുടെ 26-ാം അനുച്ഛേദം പള്ളി കമ്മിറ്റികൾക്ക് അധികാരം നൽകുന്നുണ്ട്. കോടതി ഇതിൽ വിധി പുറപ്പെടുവിക്കുന്നത് ഭരണഘടനാപരമായ ഈ സംരക്ഷണത്തെ ലംഘിക്കുന്നതിന് തുല്യമായിരിക്കുമെന്നും വ്യക്തി നിയമ ബോർഡ് ചൂണ്ടിക്കാട്ടി.
സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഖുറാനിലോ ഹദീസിലോ പരാമർശമില്ലെന്നും പ്രവാചകന്റെ കാലത്ത് മദീനയിലെ പള്ളിയിൽ സ്ത്രീകൾ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നുവെന്നും ബോർഡ് കോടതിയെ അറിയിച്ചു. നിലവിൽ ഇന്ത്യയിലെ പല പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനമുണ്ട്. ചിലയിടങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക പ്രാർത്ഥനാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ മുസ്ലീം സ്ത്രീകൾ വിവേചനം നേരിടുന്നുവെന്ന് പറയാനാകില്ലെന്നും പള്ളികളിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് സുപ്രീം കോടതിയിൽ വ്യക്തമാക്കി.
assasasa



