പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കുന്നു
ശാരിക I അന്തർദേശീയം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടയിലും സുപ്രധാന ചരക്കുനീക്കവുമായി ഇന്ത്യൻ പതാക വഹിച്ച രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കുന്നു. 'ജഗ് വസന്ത്', 'പൈൻ ഗ്യാസ്' എന്നീ എൽപിജി ടാങ്കറുകളാണ് ഈ മാസം 26-നും 28-നും ഇടയിലായി ഇന്ത്യൻ തീരത്തെത്തുക. രണ്ട് കപ്പലുകളിലുമായി ഏകദേശം 92,612 ടൺ എൽപിജി ഉണ്ടെന്ന് തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു. കപ്പലുകളിൽ യഥാക്രമം 33-ഉം 27-ഉം വീതം ഇന്ത്യൻ നാവികരാണ് ജോലി ചെയ്യുന്നത്.
ഇന്നലെ പുലർച്ചെ യുഎഇ തീരത്തുനിന്നാണ് കപ്പലുകൾ യാത്ര ആരംഭിച്ചത്. ഇറാനിയൻ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയുള്ള താരതമ്യേന സുരക്ഷിതമായ പാതയിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. നേരത്തെ ഇന്ത്യൻ പതാകയുള്ള രണ്ട് കപ്പലുകൾക്ക് ഇത്തരത്തിൽ കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇവ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയതിന് പിന്നാലെയാണ് പുതിയ ടാങ്കറുകൾ യാത്ര തിരിച്ചിരിക്കുന്നത്. ഷിപ് ട്രാക്കിങ് ഡാറ്റകൾ പ്രകാരം കപ്പലുകളുടെ നീക്കം അധികൃതർ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
മേഖലയിൽ യുദ്ധം ആരംഭിച്ചതുമുതൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കാരണം നിരവധി കപ്പലുകൾ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. സമുദ്രത്തിൽ മൈനുകൾ ഉണ്ടെന്ന റിപ്പോർട്ടുകളും ഇൻഷുറൻസ് തുകയിലുണ്ടായ വൻ വർധനയും ആഗോള കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള നിർണ്ണായകമായ ഇന്ധന നീക്കം തുടരുന്നത്
aa



