ഇറാൻ പ്രകോപനം: പ്രതിരോധ സേനയെ പ്രശംസിച്ച് ബഹ്‌റൈൻ മന്ത്രിസഭ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഖ്യരാജ്യങ്ങളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ പ്രകോപനങ്ങളെ പ്രതിരോധിക്കുന്നതിൽ ബഹ്‌റൈനിലെ സുരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും കാഴ്ചവെക്കുന്ന മികവിനെ ബഹ്‌റൈൻ മന്ത്രിസഭ പ്രശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന അസാധാരണ മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈനിക-സിവിൽ വിഭാഗങ്ങൾ നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ചത്.
ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് , നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ ജാഗ്രതയെയും കാര്യക്ഷമതയെയും യോഗം എടുത്തുപറഞ്ഞു. ഇറാന്റെ ശത്രുതാപരമായ നടപടികളെ ശക്തമായി അപലപിച്ച മന്ത്രിസഭ, ഗൾഫ് രാജ്യങ്ങൾക്കും ജോർദാനു നേരെയുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാലിച്ച് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ബഹ്‌റൈന് പൂർണ്ണ അവകാശമുണ്ടെന്നും യോഗം ഓർമ്മിപ്പിച്ചു.
രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 'ടീം ബഹ്‌റൈൻ' അംഗങ്ങളെയും പൗരന്മാരുടെയും താമസക്കാരുടെയും ഐക്യത്തെയും യോഗം അഭിനന്ദിച്ചു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് ജോർദാൻ രാജാവുമായും ഈജിപ്ഷ്യൻ പ്രസിഡന്റുമായും നടത്തിയ കൂടിക്കാഴ്ചകൾ അയൽരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയെന്ന് മന്ത്രിസഭ വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജിസിസി രാജ്യങ്ങൾക്കും മറ്റ് സഖ്യരാജ്യങ്ങൾക്കും മന്ത്രിസഭ നന്ദി അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഇറാന്റെ നീക്കങ്ങൾക്കെതിരെ ആഗോളതലത്തിൽ ലഭിക്കുന്ന നയതന്ത്ര പിന്തുണ സുപ്രധാനമാണെന്നും യോഗം നിരീക്ഷിച്ചു.
efsdedfswdesfeds



