സേവനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിച്ചു ബഹ്റൈൻ നാഷണൽ ബാങ്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ രാജ്യത്തുടനീളമുള്ള തങ്ങളുടെ ശാഖകളുടെ പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിച്ചു. മാർച്ച് 19-ലെ മുൻ തീരുമാനത്തിന് പിന്നാലെയാണ് ഇപ്പോൾ ബാങ്കിന്റെ മുഴുവൻ ശാഖകളും തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. അതേസമയം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശാഖയുടെ പ്രവർത്തനം മാത്രം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്; ഇത് എന്ന് തുറക്കുമെന്ന കാര്യം പിന്നീട് അറിയിക്കും.
നിലവിലെ ബിസിനസ് സാഹചര്യങ്ങളും പ്രവർത്തന സൗകര്യങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് ബാങ്കിന്റെ ഈ തീരുമാനം. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എല്ലാ മുൻകരുതൽ നടപടികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് തന്നെ സാധാരണ സമയക്രമത്തിൽ ശാഖകൾ പ്രവർത്തിക്കും.
സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ബാങ്കിന്റെ ഡിജിറ്റൽ ചാനലുകളും എടിഎം നെറ്റ്‌വർക്കുകളും പരമാവധി പ്രയോജനപ്പെടുത്താൻ എൻ.ബി.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കുമെന്നും ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
aa



