ടെക്സസിലെ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ സ്ഫോടനം; ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം
ശാരിക I അന്തർദേശീയം
പോർട്ട് ആർതർ (ടെക്സസ്): അമേരിക്കയിലെ ടെക്സസിലുള്ള വലേറോ എണ്ണ ശുദ്ധീകരണ ശാലയിൽ ചൊവ്വാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സ്ഫോടനത്തിന് പിന്നാലെ പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ശുദ്ധീകരണ ശാലയ്ക്ക് ചുറ്റുമുള്ള വിശാലമായ പ്രദേശത്തെ താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതരായി കഴിയണമെന്ന് പോർട്ട് ആർതർ എമർജൻസി മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ ഉത്തരവിട്ടു.
നിലവിൽ റിഫൈനറിയിലെ ഒരു യൂണിറ്റിൽ തീപിടുത്തം തുടരുകയാണെന്നും എന്നാൽ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും വലേറോ കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ കുലുങ്ങിയതായി നാട്ടുകാർ പറഞ്ഞു. ശുദ്ധീകരണ ശാലയിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ക്രൂഡ് ഓയിൽ സംസ്കരിച്ച് പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവ നിർമ്മിക്കുന്ന ഈ വൻകിട പ്ലാന്റിൽ എണ്ണൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
cdxdcdxds



