മാൻപവർ ഏജൻസി ബന്ദിയാക്കിയ യുവതിയെ സാമൂഹ്യപ്രവർത്തകരും സഹോദരനും ചേർന്ന് രക്ഷപ്പെടുത്തി
മനാമ: മാൻ പവർ ഏജൻസി പണം ആവശ്യപ്പെട്ട് ബന്ദിയാക്കിയ യുവതിയെ സാമൂഹ്യ പ്രവർത്തകരും സഹോദരനും ചേർന്ന് പോലീസിന്റെ സഹായത്തോടെ മോചിപ്പിച്ചു. ഹോം നഴ്‌സായി ജോലിക്ക് നാട്ടിൽ നിന്ന് എത്തിയ യുവതിയെയാണ് നാട്ടിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ
മാൻ പവർ ഏജൻസി പണം ആവശ്യപ്പെട്ട് ബന്ദിയാക്കിയത്. തുടർന്ന് യുവതിയുടെ ബന്ധത്തിലുള്ള സഹോദരന്റെയും സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിലാണ് മോചനം സാധ്യമായത്. കോട്ടയം ജില്ലക്കാരിയായ യുവതിയാണ് മൂന്ന് മാസത്തെ ദുരിതക്കയത്തിൽ നിന്നും മോചിതയായത്.
മൂന്ന് മാസം മുൻപ് ബഹ്‌റൈനിലെ ഒരു സുഹൃത്ത് മുഖേന ഒരു ഏജന്റാണ് ഹോം നഴ്‌സിന്റെ വിസ നാട്ടിലേയ്ക്ക് യുവതിക്ക് അയച്ചു കൊടുത്തത്. ബഹ്‌റൈനിലെ സഹോദരന് ഈ വിവരം യുവതി കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് യുവതി ബഹ്റൈനിൽ എത്തുന്ന ദിവസം വിമാനത്താവളത്തിൽ യുവതിയെ സ്വീകരിക്കാനെത്തിയ സഹോദരനെ കാണാനോ സംസാരിക്കാനോ വിസ അയച്ചു കൊടുത്ത ഏജന്റ് അനുവദിച്ചില്ല. ബഹ്റൈനിൽ കുറച്ച് നാളുകൾക്ക് മുൻപ് മാത്രം എത്തിയ സഹോദരനെ കബളിപ്പിച്ചു കൊണ്ട് യുവതിയെ ഒരു മാൻ പവർ ഏജൻസിക്ക് ഏജന്റ് കൈമാറുകയായിരുന്നു. അവിടെ വെച്ച് കുറെ വെള്ള പേപ്പറുകൾ യുവതിക്ക് ഒപ്പിടാൻ നൽകിയപ്പോൾ വിസമ്മതിച്ച യുവതിയെ നിർബന്ധിപ്പിച്ച് ഒപ്പിടീക്കുകയും തുടർന്ന് യുവതിയെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കയക്കുകയുമായിരുന്നു. ഹോം നേഴ്‌സിന്റെ ജോലിക്കായി എത്തിയത് കൊണ്ട് അതിൽ യുവതിക്ക് യാതൊരു എതിർപ്പും തോന്നിയിരുന്നുമില്ല. എന്നാൽ സ്വദേശിയുടെ വീട്ടിൽ മാനസിക സ്ഥിരതയില്ലാത്ത യുവാവിന്റെ ഉപദ്രവം തുടങ്ങിയതോടെ ആ വീട്ടിലെ നേഴ്‌സിംഗ് ജോലി തുടരാൻ വയ്യാത്ത അവസ്ഥയായി. തുടർന്ന് യുവതി ഗുദൈബിയയിലെ മാൻ പവർ ഏജൻസിയുമായി ബന്ധപ്പെട്ട് തനിക്ക് ജോലിയിൽ തുടരാൻ താൽപ്പര്യമില്ലെന്നും നാട്ടിലേയ്ക്ക് പോകണമെന്നും അറിയിച്ചു. എന്നാൽ 1400 ദിനാർ നൽകാതെ മടങ്ങിപ്പോകാനാകില്ലെന്ന് മാൻ പവർ ഏജൻസി യുവതിയോട് പറഞ്ഞു. കാര്യങ്ങൾ സഹോദരനോട് വിളിച്ചറിയിച്ചത് പ്രകാരം സഹോദരൻ മാൻ പവർ ഏജൻസിയിലെത്തി സഹോദരിയെ നാട്ടിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണം തരാതെ വിടില്ലെന്ന് ഏജൻസി അന്ത്യ ശാസനം നൽകി. അതിനിടെ യുവതിയുടെ കൈയ്യിലെ മൊബൈൽ സിം കാർഡും പാസ്‌പോർട്ടും ഏജൻസി പിടിച്ചെടുത്തിരുന്നു.
കുറച്ചു സമയം സഹോദരിയുമായി സംസാരിക്കാൻ അനുവദിച്ച സമയത്തിനിടെ തന്റെ കൈയ്യിലുണ്ടായിരുന്ന സിം കാർഡ് അവർക്ക് നൽകി പണവുമായി അടുത്ത ദിവസം മടങ്ങി വരാമെന്ന് പറഞ്ഞ് സഹോദരൻ മടങ്ങുകയായിരുന്നു. അപ്പോഴേയ്ക്കും യുവതിയെ ഏജൻസിയുടെ ആളുകൾ ഒരു മുറിയിൽ പൂട്ടിയിട്ടു. തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നുള്ള കാര്യം യുവതി സഹോദരനെ ഫോൺ ചെയ്ത് അറിയിച്ചു. ഇക്കാര്യങ്ങൾ യുവാവ് ബഹ്‌റൈൻ പ്രതിഭയുടെ ഹെൽപ്പ് ഡസ്ക് അംഗമായ ജിതേഷിനെ ധരിപ്പിച്ചു. തുടർന്ന് യുവതിയോട് മൊബൈലിലെ വാട്സ് ആപ് ഓപ്‌ഷൻ വഴി ലൊക്കേഷൻ അയക്കാൻ പറയുകയും ജിതേഷും യുവതിയുടെ സഹോദരനും ചേർന്ന് യുവതിയെ ബന്ദിയാക്കിയ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. യുവതിയെ പൂട്ടിയിട്ട സ്ഥലം പോലീസ് കണ്ടെത്തി ഏജൻസിയോട് ഉടൻ തന്നെ യുവതിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് പണം നൽകാനുണ്ടെന്നും അത് ലഭിക്കാതെ പാസ്പോർട്ട് കൊടുക്കാനാവില്ലെന്നും ഏജൻസി പറഞ്ഞെതോടെ യുവതിയെ ഉടനെ സഹോദരനോടൊപ്പം വിടാൻ ആവശ്യപ്പെടുകയും യുവതിയെ സ്വതന്ത്രമാക്കുകയുമായിരുന്നു. ഭക്ഷണം പോലും നൽകാതെ നാല് ദിവസമായിരുന്നു യുവതിയെ മുറിയിൽ അടച്ചത് പണം നൽകാനുണ്ടെങ്കിൽ കേസുമായി മുന്നോട്ട് പോകാമെന്നും ഇക്കാര്യത്തിൽ കേസ് പരിശോധിച്ചതിന് ശേഷം മാത്രമേ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് പോലീസും പറഞ്ഞു. തുടർന്ന് പണം കൊടുക്കാതെ പാസ്പോർട്ട് കൈമാറില്ലെന്ന ഏജൻസിയുടെ നിലപാടും ഇതുവരെയുണ്ടായ സംഭവങ്ങളും പ്രവാസി കമ്മീഷൻ അംഗമായ സുബൈർ കണ്ണൂരിനെയും ജിതേഷ് ധരിപ്പിച്ചു. അടുത്ത ദിവസം മാൻ പവർ ഏജൻസിയുമായി പോലീസും സുബൈർ കണ്ണൂരും സംസാരിക്കുകയും ഏജൻസിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന ഘട്ടം ആയപ്പോൾ നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ഹാജരാക്കിയാൽ പാസ്പോർട്ട് വിട്ടുതരാമെന്ന നിലപാടിൽ ഏജൻസി മുട്ട് മടക്കുകയായിരുന്നു. ഒടുവിൽ യുവതിയുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് ടിക്കറ്റ് അയക്കുകയും പാസ്പോർട്ട് കൈമാറുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടത്തെ ഫ്‌ളൈറ്റിൽ യുവതി നാട്ടിലേയ്ക്ക് പോയി.
യുവതിയുടെ ബന്ധത്തിലുള്ള സഹോദരന്റെയും സാമൂഹ്യ പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലാണ് യുവതിയുടെ മോചനം സാധ്യമാക്കിയത്. ഏജന്റുമാരുടെയും മാൻ പവർ ഏജൻസികളുടെയും കെണിയിൽപ്പെട്ട് ജോലിചെയ്യുന്ന വീടുകളിൽ പീഡനമേറ്റു വാങ്ങേണ്ടി വരുന്ന നിരവധി ഗദ്ദാമമാർ ഇപ്പോഴും ശ്വാസം പോലും കഴിക്കാൻ സമയമില്ലാതെ വീട്ട് തടങ്കലുകളിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്. വിസ വാഗ്ദാനം ചെയ്യുന്ന കന്പനികളുടെയും ഏജന്റുമാരുടെയും വിവരങ്ങൾ തീർത്തും വിശ്വാസ്യയോഗമാണെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ വീട്ടുവേലയ്‌ക്കോ ഹോം നഴ്‌സിംഗ് ജോലിക്കോ വേണ്ടി അന്യ രാജ്യങ്ങളിലേയ്ക്ക് വിമാനം കയറാവൂ എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് ഇത്തരം സംഭവങ്ങൾ. അംഗീകൃത മാൻ പവർ ഏജൻസികളുടെ പൂർണ്ണ വിവരം ഇപ്പൾ നോർക്കയിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ജീവിത പ്രയാസങ്ങളും സാന്പത്തിക ഞെരുക്കവും പല സ്ത്രീകളെയും ഏജന്റുമാരുടെ വലയിൽ ഇപ്പോഴും വീഴ്‌ത്തുന്നു.



