മതം മാറിയാൽ പട്ടികജാതി പദവി നഷ്ടമാകും; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി
ശാരിക I ദേശീയം
ന്യൂഡൽഹി: മതം മാറുന്ന വ്യക്തികൾക്ക് പിന്നീട് പട്ടികജാതി (എസ്.സി) പദവിക്ക് അർഹതയുണ്ടാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മതപരിവർത്തനം നടത്തുന്നവർക്ക് സംവരണാനുകൂല്യങ്ങൾക്കോ പട്ടികജാതി വിഭാഗങ്ങൾക്കുള്ള പ്രത്യേക നിയമസംരക്ഷണമോ അവകാശപ്പെടാൻ കഴിയില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
1950-ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലൊന്ന് പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മതങ്ങളിലല്ലാതെ മറ്റ് ഏതെങ്കിലും മതം സ്വീകരിക്കുന്നതോടെ പട്ടികജാതി പദവി ഉടനടി നഷ്ടപ്പെടും. ഭരണഘടനാപരമായ സംരക്ഷണമോ നിയമപരമായ മറ്റ് ആനുകൂല്യങ്ങളോ അവകാശപ്പെടാൻ ഇവർക്ക് പിന്നീട് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ ക്രിസ്തുമതത്തിൽ ജാതി വിവേചനമില്ലെന്നും മതം മാറിയതോടെ ഇയാൾക്ക് എസ്.സി പദവി നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി സംരക്ഷണം നിഷേധിക്കുകയായിരുന്നു. താൻ വീണ്ടും ഹിന്ദു മതത്തിലേക്ക് മടങ്ങിയെന്ന പാസ്റ്ററുടെ വാദം തെളിയിക്കാൻ മതിയായ രേഖകളില്ലെന്നും അദ്ദേഹം ഇപ്പോഴും ക്രിസ്ത്യൻ ആചാരങ്ങൾ പിന്തുടരുന്ന പാസ്റ്ററാണെന്നും കോടതി നിരീക്ഷിച്ചു.
fsdsdsfds



