ബഹ്‌റൈനിൽ 36-ാമത് ഓട്ടം ഫെയറിന് തുടക്കം: 24 രാജ്യങ്ങളിൽ നിന്നായി 600-ഓളം പ്രദർശകർ
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്‌റൈനിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നുകളിലൊന്നായ ‘ഓട്ടം ഫെയറിന്റെ’ 36-ാമത് പതിപ്പിന് സഖീറിലെ വേൾഡ് എക്സിബിഷൻ സെന്ററിൽ തുടക്കമായി. വിനോദസഞ്ചാര മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറാഫി പ്രദർശനം ഉദ്ഘാടനം ചെയ്തു. ജനുവരി 22 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള 600-ഓളം പ്രദർശകരാണ് പങ്കെടുക്കുന്നത്.
ബഹ്‌റൈന്റെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകളിൽ ഓട്ടം ഫെയറിന് വലിയ സ്ഥാനമാണുള്ളതെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. പ്രാദേശിക ഉൽപ്പന്നങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കും വലിയ വിപണി കണ്ടെത്താൻ ഇത്തരം മേളകൾ സഹായിക്കുന്നു. തായ്‌ലൻഡ്, കെനിയ, മാലി എന്നീ രാജ്യങ്ങൾ ഇത്തവണ ആദ്യമായി മേളയുടെ ഭാഗമാകുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.
ടെക്സ്റ്റൈൽസ്, ഫർണിച്ചർ, ഭക്ഷണസാധനങ്ങൾ, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം മേളയിലുണ്ട്. കുടുംബങ്ങൾക്കായി പ്രത്യേക വിനോദ പരിപാടികൾ, കുട്ടികൾക്കായി 'ദബ്ദൂബ്-ദബ്ദൂബ' മസ്കറ്റുകളുടെ സാന്നിധ്യം, ഇലക്ട്രോണിക് ഗെയിംസ് ഏരിയ, അന്താരാഷ്ട്ര വിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലെ ഹാൾ 2, 3, 5, 6 എന്നിവിടങ്ങളിലായി രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. സന്ദർശകർ www.theautumnfair.com എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
aa


