പോലീസുകാരനായി ചമഞ്ഞ് കത്തികാട്ടി കവർച്ച: ബഹ്‌റൈനിൽ പ്രതിയുടെ വിധി ഈ മാസം 24-ന്
പ്രദീപ് പുറവങ്കര/ഗൾഫ്:
പോലീസുകാരനാണെന്ന് വ്യാജേന ചമഞ്ഞ് ഏഷ്യൻ വംശജനായ തൊഴിലാളിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഈ മാസം 24-ന് കോടതി വിധി പറയും. 32 വയസ്സുകാരനായ പ്രതിക്കെതിരെയുള്ള കേസിലാണ് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി വിധി പ്രസ്താവിക്കുന്നത്. തിരിച്ചറിയാത്ത മറ്റൊരു സഹായിക്കൊപ്പം ചേർന്നാണ് പ്രതി കുറ്റകൃത്യം നടത്തിയത്.
നുവൈദ്രാത്തിലെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് ജോലിസ്ഥലത്തെ വാഹനത്തിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന 41 വയസ്സുകാരനായ പരാതിക്കാരനെയാണ് പ്രതികൾ ആക്രമിച്ചത്. പോലീസുകാരാണെന്ന് അവകാശപ്പെട്ട് വാഹനത്തിനടുത്തേക്ക് എത്തിയ ഇവർ കാറിന്റെ കീയും മൊബൈൽ ഫോണും കൈക്കലാക്കി. തുടർന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് പുറത്തിറക്കുകയും കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി വാലറ്റിലുണ്ടായിരുന്ന 15 ബഹ്‌റൈനി ദിനാർ തട്ടിയെടുക്കുകയുമായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനാണെന്ന് തെറ്റായി അവകാശപ്പെടുക, മാരകായുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, ഒരാളെ അന്യായമായി തടഞ്ഞുവെക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ വാദം കേട്ട കോടതി ഫെബ്രുവരി 24-ന് അന്തിമ വിധി പ്രസ്താവിക്കാനായി മാറ്റിവെച്ചു.
aa


