ആനയുടെ ചവിട്ടേറ്റു ചികിത്സയിലായിരുന്ന യൂട്യൂബർ സൂരജ് പിഷാരടി അന്തരിച്ചു
ഷീബ i കേരളം
നെടുമ്പാശ്ശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്യൂബർ സൂരജ് പിഷാരടി അന്തരിച്ചു. ആലുവ ചൊവ്വര സ്വദേശിയായ സൂരജ്, ബുധനാഴ്ച രാവിലെയാണ് അപകടത്തിൽപ്പെട്ടത്. ആനകളുടെ മുൻഭാഗത്തുനിന്ന് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ആനയുടെ ആക്രമണമുണ്ടാകുകയായിരുന്നു.
ക്ഷേത്രത്തിലെ ശീവേലിക്കിടെ അഞ്ച് ആനകൾ പങ്കെടുത്ത ചടങ്ങിലാണ് അപകടം നടന്നത്. രാവിലെ 9 മണിയോടെ തിടമ്പേറ്റിയ 'ചിറയ്ക്കൽ ശബരീനാഥൻ' എന്ന ആന പെട്ടെന്ന് വിരണ്ടോടി. ഈ സമയം ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ താഴെ വീണു. ഒരു ആന വിരണ്ടതോടെ സമീപത്തുണ്ടായിരുന്ന മറ്റൊരു ആനയും ഭയന്നോടി. ഇതിനിടയിലാണ് ദൃശ്യങ്ങൾ പകർത്തുകയായിരുന്ന സൂരജിന് ആനയുടെ ചവിട്ടേറ്റത്.
സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ സൂരജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആനകളെ പിന്നീട് പാപ്പാൻമാർ ചേർന്ന് തളച്ചു. ആന വിശേഷങ്ങളും മറ്റും വീഡിയോകളിലൂടെ പങ്കുവെച്ചിരുന്ന സൂരജിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും ആരാധകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി.
aa


