ബഹ്‌റൈനിലെ വിമാനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ച പശ്ചാത്തലത്തിൽ രാജ്യത്തെ വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഗൾഫ് എയർ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റി. ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
നിലവിലെ സാഹചര്യത്തിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. യാത്രക്കാരില്ലാത്ത ഗൾഫ് എയർ വിമാനങ്ങളും വിവിധ കമ്പനികളുടെ ചരക്ക് വിമാനങ്ങളുമാണ് അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് മറ്റ് ഇടങ്ങളിലേക്ക് പുനർവിന്യസിച്ചത്. സിവിൽ ഏവിയേഷൻ അഫയേഴ്‌സ്, എയർലൈൻ ഓപ്പറേറ്റർമാർ, മറ്റ് ബന്ധപ്പെട്ട സുരക്ഷാ അധികൃതർ എന്നിവരുടെ സംയുക്ത തീരുമാനപ്രകാരമാണ് ഈ നടപടി.
വ്യോമപാത തുറക്കുന്നതിനായി സിവിൽ ഏവിയേഷൻ അനുമതി നൽകുന്ന മുറയ്ക്ക് മാത്രമേ വിമാന സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് വിമാനങ്ങളുടെ ഈ മാറ്റമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
asddsaasdsadf


