ആക്രമണങ്ങളെ തുരത്തി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്; 106 മിസൈലുകളും 177 ഡ്രോണുകളും തകർത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF). ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 106 മിസൈലുകളും 177 ഡ്രോണുകളും ബി.ഡി.എഫിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. തുടർച്ചയായി എത്തുന്ന ആക്രമണങ്ങളെ സൈന്യം അതീവ ജാഗ്രതയോടെയാണ് നേരിടുന്നത്.
രാജ്യത്തെ സംരക്ഷിക്കുന്നതിൽ സൈനികർ പുലർത്തുന്ന പ്രവർത്തനക്ഷമതയിലും സന്നദ്ധതയിലും ബി.ഡി.എഫ് ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിച്ചു. ബഹ്‌റൈന്റെ ആകാശം സുരക്ഷിതമാണെന്നും സൈന്യത്തിന്റെ പോരാട്ടവീര്യം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബി.ഡി.എഫ് ചൂണ്ടിക്കാട്ടി.
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകന്നുനിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൈനിക നീക്കങ്ങളുടെയോ തകർന്ന വീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുത്. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.
asasdadsds


