ശബരിമല സ്വർണ്ണക്കൊള്ള: എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ഷീബ/കേരളം :
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും, പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്നുമായിരുന്നു എൻ. വാസുവിന്റെ വാദം. എന്നാൽ, ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ പോലും കോടതി തയ്യാറായില്ല. ഈ കേസിലെ മറ്റൊരു പ്രതിയായ ശങ്കർ ദാസിന്റെ ജാമ്യം തള്ളിയപ്പോൾ നടത്തിയ നിരീക്ഷണങ്ങൾ കോടതി ആവർത്തിച്ചു. "ദൈവത്തെപ്പോലും പ്രതികൾ വെറുതെ വിട്ടില്ല" എന്ന സുപ്രധാന നിരീക്ഷണം ഇത്തവണയും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
കേസിലെ മറ്റ് പ്രമുഖ പ്രതികളായ എ. പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഗൗരവകരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന പ്രതികൾക്ക് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചതോടെ കേസിന്റെ തുടർനടപടികൾ നിർണ്ണായകമാകും.
aa


