ഇറാൻ ആക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ നിർദ്ദേശം; ബഹ്‌റൈൻ മന്ത്രിതല സമിതി യോഗം ചേർന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ അധ്യക്ഷതയിൽ വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള മന്ത്രിതല സമിതി യോഗം ചേർന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ഇറാന്റെ കടന്നുകയറ്റത്തെയും ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും യോഗം ശക്തമായി അപലപിച്ചു.
റമദാനിലെ അവസാന പത്തുദിനങ്ങളോടനുബന്ധിച്ച് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് നടത്തിയ പ്രസംഗത്തിലെ ആശയങ്ങളെ സമിതി പ്രശംസിച്ചു. രാജ്യത്തിന്റെ വികസന പാതയിൽ ഭരണഘടനാ സ്ഥാപനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന രാജാവിന്റെ ആഹ്വാനം യോഗം അടിവരയിട്ടു. ഇറാൻ നടത്തിയ ക്രൂരമായ ആക്രമണങ്ങളിൽ തകർന്ന പൗരന്മാരുടെ വീടുകൾ എത്രയും വേഗം പുനർനിർമ്മിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിൽസ ഉറപ്പാക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകിയ ഉത്തരവിന് യോഗം നന്ദി രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ വിലയിരുത്തി ഉടൻ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സിവിൽ കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യോഗം വിലയിരുത്തി. ഈ വെല്ലുവിളികളെ പ്രൊഫഷണലായി നേരിട്ട സുരക്ഷാ-സൈനിക ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു. അതോടൊപ്പം, കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് സ്ട്രീറ്റ് വികസന പദ്ധതിക്ക് (രണ്ടാം ഘട്ടം) ശൂറ കൗൺസിൽ നൽകിയ അംഗീകാരത്തെയും സമിതി സ്വാഗതം ചെയ്തു.
കഴിഞ്ഞ വാരം രാജ്യത്തുണ്ടായ കനത്ത മഴയെത്തുടർന്നുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ മുൻസിപ്പാലിറ്റി, കൃഷി മന്ത്രാലയങ്ങളും പൊതുമരാമത്ത് മന്ത്രാലയവും നടത്തിയ പ്രവർത്തനങ്ങളെ യോഗം പ്രശംസിച്ചു. വീടുകളിലും പൊതുമന്ദിരങ്ങളിലും അഗ്നിശമന സുരക്ഷ ഉറപ്പാക്കൽ, കെട്ടിടങ്ങളിലെ തെർമൽ ഇൻസുലേഷൻ മാനദണ്ഡങ്ങൾ, ലൈസൻസില്ലാത്ത ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും യോഗത്തിൽ ചർച്ചയായി. കൂടാതെ, 2026-ലെ ഗവൺമെന്റ് നിയമനിർമ്മാണ പദ്ധതിയുടെ ഭാഗമായുള്ള പുതിയ നിയമങ്ങളെക്കുറിച്ചും സർവ്വേ ആന്റ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോയിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനെക്കുറിച്ചും സമിതി അവലോകനം ചെയ്തു.
aa


