സ്തനാർബുദ ബോധവത്കരണഭാഗമായി സൈക്ലത്തോൺ സംഘടിപ്പിച്ച് കെ.പി. എഫ് ലേഡീസ് വിംങ്
പ്രദീപ് പുറവങ്കര
മനാമ: സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈൻ വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെയും പതിവായ പരിശോധനകളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മനാമയിൽ പരിപാടി നടത്തിയത്.
ബഹ്‌റൈൻ പാർലമെന്റ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖമ്മസ് സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, രക്ഷാധികാരികളായ കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെ.പി.എഫ് ലേഡീസ് വിംങ് കൺവീനർ സജ്ന ഷനൂബിന്റെ നേതൃത്വത്തിൽ ജോയിന്റ് കൺവീനർമാരായ ഷെറീന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവരാണ് പരിപാടി ഏകോപിപ്പിച്ചത്. എക്സിക്യുട്ടീവ് മെമ്പർമാരും ചിൽഡ്രൻസ് വിംഗും സൈക്ലത്തോണിൽ സജീവമായി പങ്കെടുത്തു. ചിൽഡ്രൻസ് വിംഗ് നടത്തിയ ഫ്ലാഷ് മോബും ഏറെ ശ്രദ്ധേയമായി.
ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പങ്കെടുത്തവർക്ക് അൽ ഹിലാൽ മെഡിക്കൽ സെന്റർ നൽകിയ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും വിതരണം ചെയ്തു. ബ്രസ്റ്റ് അൾട്രാസൗണ്ട് സ്കാൻ, മാമോഗ്രാം, കോമൺ ഹെൽത്ത് ചെക്കപ്പ് എന്നിവയുടെ കൂപ്പണുകളാണ് നൽകിയത്. പ്രവാസികൾക്കിടയിലെ സാമൂഹിക ക്ഷേമത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും കെ.പി.എഫ് നൽകുന്ന പ്രാധാന്യം ഈ സംരംഭം വ്യക്തമാക്കുന്നു.
aaa
