ലൈസൻസില്ലാത്ത കിന്റർഗാർട്ടൻ മാനേജ്‌മെന്റിനെതിരെ നടപടിക്ക് ശുപാർശ; പബ്ലിക് പ്രോസിക്യൂഷന് കൈമാറി


പ്രദീപ് പുറവങ്കര

മനാമ: ലൈസൻസില്ലാതെയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള പ്രവർത്തനങ്ങളെ തുടർന്ന് ഒരു കിന്റർഗാർട്ടൻ സ്‌കൂളിന്റെ മാനേജ്‌മെന്റിനെതിരെ നിയമനടപടിക്ക് ശുപാർശ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിനെതിരായ കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.

നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്ഘാടന ചടങ്ങ് നടത്തിയതിനെ തുടർന്നാണ് മന്ത്രാലയം കർശന നടപടി സ്വീകരിച്ചത്. കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസ നിലവാരവും ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയം വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നതിൽ പരാജയപ്പെട്ട മാനേജ്‌മെന്റ് ആവശ്യമായ വിദ്യാഭ്യാസ, ഭരണ ജീവനക്കാരെ നിയമിക്കുന്നതിലും പരാജയപ്പെട്ടതായി അധികൃതർ കണ്ടെത്തി. ഇതോടൊപ്പം പ്രവേശനത്തിനായി മന്ത്രാലയം അംഗീകരിച്ച പ്രായപരിധി കൃത്യമായി പാലിച്ചില്ലെന്നും, അന്തിമ സാങ്കേതിക റിപ്പോർട്ട് നൽകുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ലൈസൻസില്ലാതെ പ്രവർത്തിക്കുകയും, മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ ആവർത്തിച്ച് അവഗണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമപരമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലൈസൻസ് വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

article-image

jkgkj

You might also like

  • Straight Forward

Most Viewed