ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഗുഡ് കോൺടാക്ട് സർട്ടിഫിക്കറ്റ് സേവനങ്ങൾ മൈഗവ് ആപ്പിൽ ലഭ്യമാക്കി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഗുഡ് കോൺടാക്ട് സർട്ടിഫിക്കറ്റ് സേവനങ്ങൾ മൈഗവ് ആപ്പിൽ ലഭ്യമാക്കി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും സഹകരിച്ചാണ് ഈ പുതിയ ഡിജിറ്റൽ സേവനങ്ങൾ ഒരുക്കിയത്. ഇതിലൂടെ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തുള്ളവർക്കും സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.
അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും, സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് പരിശോധിക്കാനും ഈ ആപ്പ് സഹായിക്കും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ, അപേക്ഷകർക്ക് ഇ-കീ 2.0 രജിസ്ട്രേഷൻ ഉണ്ടായിരിക്കണമെന്നും, ബഹ്‌റൈനിൽ ആറ് മാസത്തിലധികം താമസിച്ച ജി.സി.സി പൗരന്മാർക്കും പ്രവാസികൾക്കും ഈ സേവനം ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ, 80-ൽ അധികം സർക്കാർ സേവനങ്ങൾ മൈഗവ് ആപ്പിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 80008001 എന്ന ഗവൺമെന്റ് സർവീസസ് കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.