സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

പ്രദീപ് പുറവങ്കര
മനാമ l സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ കഴിഞ്ഞ 12 വർഷമായി ബഹ്റൈനിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ പരീക്ഷകൾ നടക്കുന്നത്. നവംബർ എട്ടിന് ഒന്നാം ഘട്ട പരീക്ഷ ആരംഭിക്കും. നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും. 6, 7, 8 ക്‌ളാസുകൾ ജൂനിയർ വിഭാഗത്തിലും 9, 10, 11 ക്‌ളാസുകളിലെ കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.
ഓരോ ഗ്രെയിഡുകളിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന രണ്ട് കുട്ടികൾക്ക് ''ശാസ്ത്രപ്രതിഭ '' അവാർഡ് നൽകി ആദരിക്കും. ഇങ്ങിനെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഇന്ത്യയിൽ നടക്കുന്ന ''വിദ്യാർത്ഥി വിജ്ഞാൻ മംത്ഥൻ പരീക്ഷ'' യിൽ മാറ്റുരക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ എസ് ആർ ഒ, ഭാഭാ അറ്റമിക് റിസർച് സെന്റർ, ഡി.ആർ.ഡി.ഒ മുതലായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ശാസ്ത്രയാൻ സംഘത്തിൽ പങ്ക് ചേരാനും കഴിയും.
ശാസ്ത്രപ്രതിഭകൾക്ക് ഉപരിപഠനം നടത്തുമ്പോൾ ഇത്തരം സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും. സ്കൂളുകൾ വഴിയാണ് ഇതിനായുള്ള റെജിസ്ട്രേഷൻ നടത്തേണ്ടതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് കെ എസ് അനിലാൽ ആണ് ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചത്.
എസ് ഐ എഫ് ചെയർമാൻ ഡോ. വിനോദ് മണിക്കര, വൈസ് പ്രസിഡന്റുമാരായ കെ. സജീവൻ, ചന്ദ്രശേഖരൻ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്, ജോയിന്റ് സെക്രട്ടറി കെ.ടി.രമേശ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുകേഷ്, പ്രവീൺ ബി. ദീപ സജീവൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. എസ്.ഐ.എഫ് ഉപദേശക സമിതി ചെയർമാൻ ഡോ. രവി വാര്യർ ശാസ്ത്രപ്രതിഭ പരീക്ഷക്ക് ആശംസകൾ നേർന്ന യോഗത്തിൽ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.
asdad