രാജ്യത്ത് പൊതു ആവശ്യങ്ങൾക്കായി പണം ശേഖരിക്കുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്ത് പൊതു ആവശ്യങ്ങൾക്കായി പണം ശേഖരിക്കുന്നതിനുള്ള നിയമങ്ങളിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഭേദഗതി വരുത്തി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിസഭ അംഗീകരിച്ച ഈ നിയമം, സംഭാവനകൾ സ്വരൂപിക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കി.
പുതിയ നിയമമനുസരിച്ച്, സംഭാവന സ്വീകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുമതി ഉണ്ടായിരിക്കണം. അനുമതിയില്ലാതെ ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം.
സംഭാവന സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മന്ത്രാലയത്തിന് 30 ദിവസത്തെ സമയമുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം ശേഖരിക്കുന്നവർക്ക് ജീവപര്യന്തം വരെ തടവും കനത്ത പിഴയും ലഭിക്കും.
ലൈസൻസില്ലാതെ പണം പിരിക്കുന്നവർക്ക് തടവോ 1,000 ദീനാർ വരെ പിഴയോ ലഭിക്കാം. നിയമലംഘനങ്ങൾ തടയാൻ മന്ത്രാലയം കർശനമായ മേൽനോട്ട സംവിധാനങ്ങൾ നടപ്പാക്കും. ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ വരും.
sfddsf