തൊഴിലാളി സൗഹൃദനിയവുമായി യു.എ.ഇ

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്നതാണ് പുതിയ നിയമ ഭേദഗതി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാനാണ് നിയമം പുറപ്പെടുവിച്ചത്. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക് സംരക്ഷണമൊരുക്കുന്നതും തൊഴിൽമേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ് നിയമം. യു.എ.ഇ തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാന ഭേദഗതി കൂടിയാണിത്. ഫുൾടൈം, പാർടൈം, താൽകാലിക ജോലികൾക്കെല്ലാം സഹായകമാകുന്നതാണ് നിയമം.
എല്ലാതൊഴിൽ കരാറുകളും നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കണമെന്ന് പുതിയ നിയമം പറയുന്നു. മുമ്പ് അനിശ്ചിത കാലത്തേക്ക് തൊഴിൽ കരാറുകളിൽ ഏർപ്പെടുത്തുന്നതിന് അനുമതിയുണ്ടായിരുന്നു. ഇത്തരം കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നവർ പുതിയ നിയമപ്രകാരം ഒരു വർഷത്തിനകം നിശ്ചിത കാലത്തേക്കുള്ള കരാറുകളിലേക്ക് മാറണം. ഗ്രാറ്റുവിറ്റി നൽകുന്നതിലും സുപ്രധാന മാറ്റം പുതിയ നിയമത്തിലുണ്ട്. വർഷത്തിൽ 30 ദിവസത്തെ അടിസ്ഥാന ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണമെന്നാണ് പുതിയ നിയമം. നേരത്തെ ആദ്യ അഞ്ചുവർഷം ഗ്രാറ്റുവിറ്റി 21ദിവസത്തെ അടിസ്ഥാന ശമ്പളമായിരുന്നു. പാർട് ടൈം ജോലികൾ ചെയ്യാനുള്ള അനുമതിയും നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രൊബേഷൻ ആറുമാസത്തിൽ കൂടരുതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രൊബേഷൻ കാലത്തും പിരിച്ചുവിടുന്നതിന് 14ദിവസത്തെ നോട്ടീസ്നൽകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. വിവേചനങ്ങൾഇല്ലാതാക്കാൻ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.