എൻഡിഎ സഖ്യത്തിൽ പ്രതിഷേധം: ട്വന്റി-20യിൽ കൂട്ടരാജി; നേതാക്കൾ കോൺഗ്രസിലേക്ക്
ശാരിക I കേരളം I തിരുവനന്തപുരം
ട്വന്റി-20 എൻഡിഎ മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് പാർട്ടിയിലെ പ്രമുഖ നേതാക്കൾ രാജിവെച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ പഞ്ചായത്ത് കോർഡിനേറ്റർ രഞ്ചു പുളിഞ്ചോടൻ, ഐക്കരനാട് പഞ്ചായത്ത് മുൻ മെമ്പർ ജീൽ മാവേലി എന്നിവരാണ് പാർട്ടി വിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ രാജിവെക്കുമെന്നും ഇവർ കോൺഗ്രസിൽ ചേരുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുന്നണി പ്രവേശനത്തെക്കുറിച്ച് ജനപ്രതിനിധികൾക്ക് അറിവുണ്ടായിരുന്നില്ലെന്നും ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റായിട്ടാണ് പാർട്ടി നേതൃത്വം പ്രവർത്തിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാൽ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു മുൻ നിലപാടെന്ന് റസീന പരീത് ഓർമ്മിപ്പിച്ചു. റോയൽറ്റി കാർഡിന്റെ പേരിൽ ജാതിയും മതവും ചോദിച്ച് സർവ്വേ നടത്തിയത് മുന്നണി പ്രവേശനത്തിനുള്ള മുന്നൊരുക്കമാണെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. കുന്നത്തുനാടിനെ വിൽക്കാനുള്ള നീക്കമാണ് നടന്നതെന്നും പിആർ വർക്ക് അല്ലാതെ പാർട്ടിയിൽ മറ്റൊന്നും നടക്കുന്നില്ലെന്നും രഞ്ചു പുളിഞ്ചോടൻ കുറ്റപ്പെടുത്തി.
ട്വന്റി-20യുടെ ഈ നീക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണകരമാകുമെന്ന് രാജിവെച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ബിസിനസുകാരന്റെ നിലനിൽപ്പിന് വേണ്ടിയുള്ള ശ്രമമാണ് സാബു എം. ജേക്കബ് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് വി.പി. സജീന്ദ്രൻ പ്രതികരിച്ചു. നിഷ്പക്ഷരായ ആളുകളെ സംഘപരിവാർ പാളയത്തിൽ എത്തിക്കാനുള്ള ശ്രമം ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
sdfgdgf


