വിദേശ ലൈസൻസുകൾ ദുബൈ ലൈസൻസിലേക്ക് മാറ്റുന്നതിൽ റെക്കോർഡ്; പട്ടികയിൽ യു.കെ മുന്നിൽ
ശാരിക / ദുബൈ
2025-ൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58,082 വിദേശ ഡ്രൈവിങ് ലൈസൻസുകൾ യു.എ.ഇ ഡ്രൈവിങ് ലൈസൻസുകളായി മാറ്റി നൽകിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആകെ 57 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സേവനം ലഭ്യമായത്. വിദേശ ലൈസൻസ് കൈവശമുള്ള താമസക്കാർക്കും സന്ദർശകർക്കും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ലൈസൻസ് മാറ്റത്തിന് അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ച് ജി.സി.സി രാജ്യങ്ങൾ, 38 യൂറോപ്യൻ രാജ്യങ്ങൾ, 13 ഏഷ്യൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ഒരു ആഫ്രിക്കൻ രാജ്യം എന്നിവ ഉൾപ്പെടുന്നു.
അടുത്തിടെ കിർഗിസ്ഥാൻ, കോസോവോ, നോർത്ത് മാസിഡോണിയ, ക്രൊയേഷ്യ, അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം എന്നിവയെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആർ.ടി.എ ലൈസൻസിങ് ഏജൻസിയിലെ ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്രാഫ് വ്യക്തമാക്കി. ഈ സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ആർ.ടി.എ വെബ്സൈറ്റ് വഴിയോ ദുബൈയിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ അപേക്ഷിക്കാവുന്നതാണ്. അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് കണ്ണ് പരിശോധന നടത്തുക, സാധുവായ അസൽ വിദേശ ലൈസൻസ് സമർപ്പിക്കുക, നിശ്ചിത ഫീ അടയ്ക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ. കൂടാതെ അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടതും നിർബന്ധമാണ്.
2025 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, വിദേശ ലൈസൻസ് മാറ്റിവാങ്ങിയവരിൽ യു.കെ പൗരന്മാരാണ് ഒന്നാമത്; 13,165 യു.കെ ലൈസൻസുകളാണ് ഇത്തരത്തിൽ മാറ്റിയത്. 6,838 ലൈസൻസുകളുമായി തുർക്കിയും 5,300 ലൈസൻസുകളുമായി ചൈനയുമാണ് തൊട്ടുപിന്നാലെയുള്ളത്. ദുബൈയെ മികച്ച ജീവിതനിലവാരമുള്ള ആഗോള കേന്ദ്രമാക്കി മാറ്റുന്നതിൽ ഇത്തരം സേവനങ്ങൾ വലിയ പങ്ക് വഹിക്കുമെന്ന് ആർ.ടി.എ കൂട്ടിച്ചേർത്തു.
dfdgfg


