ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ല; സന്ദർശിച്ചത് മണ്ഡലത്തിലെ വ്യക്തി എന്ന നിലയിൽ: അടൂർ പ്രകാശ്
ശാരിക I കേരളം I തിരുവനന്തപുരം
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി അടൂർ പ്രകാശ് എംപി രംഗത്തെത്തി. തന്റെ മണ്ഡലത്തിലെ ഒരാൾ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്നും അല്ലാതെ വ്യക്തിപരമായി കൂടുതൽ കാര്യങ്ങൾ അറിയില്ലായിരുന്നെന്നും എംപി വ്യക്തമാക്കി. 2019-ൽ എംപി ആയ ശേഷം ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ടാണ് പോറ്റിയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചപ്പോൾ പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് വീട്ടിൽ പോയത്. താൻ അവിടെ നിത്യസന്ദർശകനല്ലെന്നും ഒന്നോ രണ്ടോ തവണ മാത്രമാണ് പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സമ്മാനപ്പൊതി ലഭിച്ചെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. തനിക്ക് ലഭിച്ചത് ഈന്തപ്പഴമായിരുന്നെന്നും അത് അപ്പോൾ തന്നെ അവിടെയുണ്ടായിരുന്നവർക്ക് നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു. ഒരിക്കൽ വെഞ്ഞാറമൂട്ടിലുള്ള പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ കെപിസിസി നേതാവ് രമണി പി. നായർക്കൊപ്പം പോയിട്ടുണ്ടെന്നും, അന്ന് പ്രാദേശിക നേതൃത്വത്തോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയെ പോറ്റി കണ്ട കാര്യത്തിൽ, എംപി എന്ന നിലയിൽ അപ്പോയിന്റ്മെന്റ് എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ കൂടെപ്പോയതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
dssdfsdf


