സൗദിയിൽ ശീതകാറ്റ് തുടരുന്നു; വലഞ്ഞ് ജനങ്ങൾ

തിങ്കളാഴ്ച മുതല്‍ ആരംഭിച്ച അഞ്ചാം ശീത തരംഗത്തിന്റെ ആഘാതം ബുധനാഴ്ച വരെ തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. നിർത്താതെ തുടരുന്ന ശീതകാറ്റ് ജനങ്ങൾക്ക് വല്ലാത്ത അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. ഈ കാലയളവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും വടക്കന്‍ മേഖലകളിലും ഹായില്‍ മേഖലകളിലും ഇതു തുടരും. 50 ദിവസത്തിലേറെയായി തുടരുന്ന ശൈത്യകാലം മാര്‍ച്ച് 20ന് അവസാനിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശീത തരംഗങ്ങള്‍ ജോര്‍ദാന്‍, സിറിയ, ലെബനന്‍, തുര്‍ക്കി തുടങ്ങിയ വടക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് തണുത്ത വായുവിന്റെയും മഞ്ഞുവീഴ്ചയുടെയും രൂപത്തില്‍ ശീതകാറ്റ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. താപനിലയില്‍ പ്രകടമായ ഇടിവും ശക്തമായ തണുത്ത തിരമാലകള്‍പോലെയുള്ള കാറ്റും ആ രാജ്യങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഇതുമായി സൗദിയിലെ കാലാവസ്ഥയെ താരതമ്യം ചെയ്യാൻ കഴിയില്ല എന്നും അദേഹം കൂട്ടിച്ചേർത്തു.