ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി; ചരിത്രത്തിലാദ്യമായി അംഗത്വം ഉപേക്ഷിക്കുന്നു
ശാരിക I അന്തർദേശീയം I വാഷിംഗ്ടൺ
ലോകാരോഗ്യ സംഘടനയിൽ (WHO) നിന്നുള്ള അമേരിക്കയുടെ പൂർണ്ണമായ പിന്മാറ്റം യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സംയുക്തമായി പ്രഖ്യാപിച്ചു. 1948-ൽ സംഘടനയുടെ സ്ഥാപകാംഗമായ ശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇതോടെ സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക സഹായദാതാവിനെയാണ് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിക്ക് നഷ്ടമാകുന്നത്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആരോപിച്ചാണ് യുഎസ് ഈ കടുത്ത തീരുമാനമെടുത്തത്.
തങ്ങളുടെ ആദ്യ ഭരണകാലത്ത് തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറ്റത്തിനുള്ള സൂചനകൾ നൽകിയിരുന്നു. അംഗരാജ്യങ്ങളിൽ നിന്നുള്ള അമിതമായ രാഷ്ട്രീയ സ്വാധീനമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് യുഎസ് ആരോഗ്യ-മാനുഷിക സേവന വകുപ്പ് വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ ആരോപണങ്ങൾ നിഷേധിച്ച ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ അദാനോം ഗെബ്രിയേസസ്, ഈ പിന്മാറ്റം മൂലം നഷ്ടം അമേരിക്കയ്ക്ക് മാത്രമാണെന്ന് പ്രതികരിച്ചു. ഭാവിയിലെ മഹാമാരികളെ തടയാനായി സംഘടന മുന്നോട്ടുവെച്ച അന്താരാഷ്ട്ര ഉടമ്പടി നേരത്തെ തന്നെ അമേരിക്ക അവഗണിച്ചിരുന്നു.
അമേരിക്കയുടെ പിന്മാറ്റത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം 192 ആയി കുറഞ്ഞു. 2024, 2025 വർഷങ്ങളിലെ അംഗത്വ ഫീസ് കുടിശ്ശികയിനത്തിൽ ഏകദേശം 260 മില്യൺ ഡോളർ യുഎസ് നൽകാനുണ്ടെന്ന് സംഘടനയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ തുക അടയ്ക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. യുഎസ് ഇനി സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്നും പിന്മാറ്റം സംബന്ധിച്ച് നിയമപരമായ വിശദീകരണം നൽകേണ്ടി വരുമെന്നും ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു.
േ്ിേി


