ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു; ദശലക്ഷം വർഷങ്ങൾക്കുള്ളിൽ പുതിയ സമുദ്രം രൂപപ്പെടുമെന്ന് ഗവേഷകർ


ശാരിക I അന്തർദേശീയം I നൈജീരിയ

കോടിക്കണക്കിന് വർഷങ്ങൾക്കിടയിൽ ഭൂമിയിലെ വൻകരകൾ വേർപിരിയുന്ന സ്വാഭാവിക പ്രക്രിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സജീവമാകുന്നുവെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമാകാരമായ വിള്ളൽ വഴി ആഫ്രിക്ക സാവധാനം രണ്ട് ഭാഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രക്രിയയിലൂടെ സൊമാലിയൻ പ്ലേറ്റ് പ്രധാന ഭൂഖണ്ഡമായ നുബിയൻ പ്ലേറ്റിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. എത്യോപ്യ മുതൽ മൊസാംബിക് വരെ ഏകദേശം 3,500 കിലോമീറ്റർ നീളത്തിലാണ് ഈ വിള്ളൽ വ്യാപിച്ചു കിടക്കുന്നത്.

എത്യോപ്യയിലെ അഫാർ മേഖലയിലുള്ള 'ട്രിപ്പിൾ ജംക്ഷൻ' ആണ് ഈ മാറ്റത്തിന്റെ പ്രധാന കേന്ദ്രം. അറേബ്യൻ, നുബിയൻ, സൊമാലിയൻ എന്നീ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകൾ ഇവിടെയാണ് പരസ്പരം വേർപിരിയുന്നത്. നിലവിൽ ചെങ്കടലും ഏഡൻ ഉൾക്കടലും രൂപപ്പെട്ടത് ഇതേ വിള്ളലിലൂടെയാണെങ്കിലും, ഇപ്പോൾ ഈ വിള്ളൽ ഭൂഖണ്ഡത്തിനുള്ളിലേക്ക് കൂടുതൽ പടരുകയാണ്.

പ്രതിവർഷം ഏതാനും മില്ലിമീറ്ററുകൾ മാത്രമാണ് പ്ലേറ്റുകൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നത് എങ്കിലും, കാലക്രമേണ ഭൂമി നേർത്തു വരികയും സമുദ്രനിരപ്പിന് താഴെയാവുകയും ചെയ്യും. ഈ വിള്ളലിലേക്ക് സമുദ്രജലം കയറുന്നതോടെ ആഫ്രിക്കയുടെ ഒരു ഭാഗം വലിയ ദ്വീപായി മാറുകയും അവിടെ പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും. ലക്ഷക്കണക്കിന് വർഷങ്ങൾ കഴിയുമ്പോൾ ആഫ്രിക്കയുടെ ഇന്നത്തെ ഭൂപടം പൂർണ്ണമായും മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed