സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാറിനെ വെറുതെവിട്ടു; എങ്കിലും ജയിലിൽ തുടരും
ശാരിക/ദേശീയം
ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാറിനെ ഡൽഹി കോടതി വെറുതെവിട്ടു. ഡൽഹിയിലെ ജനക്പുരി, വികാസ്പുരി എന്നിവിടങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കേസുകളിലാണ് റൂസ് അവന്യൂ കോടതിയിലെ സ്പെഷ്യൽ ജഡ്ജി ദിഗ് വിനയ് സിംഗ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. സജ്ജൻ കുമാറിനെതിരെയുള്ള ആരോപണങ്ങൾ സംശയരഹിതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
1984 നവംബർ ഒന്നിന് ജനക്പുരിയിൽ സോഹൻ സിംഗും മരുമകൻ അവ്താർ സിംഗും കൊല്ലപ്പെട്ട സംഭവത്തിലും, തൊട്ടടുത്ത ദിവസം വികാസ്പുരിയിൽ ഗുർചരൺ സിംഗ് എന്നയാളിനെ തീകൊളുത്തിയ സംഭവത്തിലുമാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ രണ്ട് കേസുകളിലും അനുകൂല വിധി ഉണ്ടായെങ്കിലും സജ്ജൻ കുമാർ ജയിൽ മോചിതനാകില്ല. മറ്റ് രണ്ട് കേസുകളിൽ ലഭിച്ച ജീവപര്യന്തം ശിക്ഷകൾ നിലനിൽക്കുന്നതിനാലാണ് അദ്ദേഹം തിഹാർ ജയിലിൽ തന്നെ തുടരേണ്ടി വരുന്നത്.
സരസ്വതി വിഹാർ കൊലപാതക കേസിൽ കഴിഞ്ഞ വർഷം കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പുറമേ, 2018-ൽ ഡൽഹി ഹൈക്കോടതി വിധിച്ച മറ്റൊരു ജീവപര്യന്തം ശിക്ഷയും സജ്ജൻ കുമാർ ഇപ്പോൾ അനുഭവിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പുതിയ വിധി ഇദ്ദേഹത്തിന്റെ തടവുശിക്ഷയെ ബാധിക്കില്ല.
aa


