ഗ്യാസ് ചോർച്ചയും അപകടങ്ങളും: സുരക്ഷാ ജാഗ്രതയുമായി ബഹ്റൈൻ അധികൃതർ


പ്രദീപ് പുറവങ്കര/ഗൾഫ് :

ബഹ്റൈനിൽ ഗ്യാസ് ചോർച്ച മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ ജാഗ്രതാ നിർദ്ദേശങ്ങളുമായി അധികൃതർ രംഗത്ത്. ഓരോ വർഷവും നിരവധി ജീവനുകൾ കവരുകയും വൻതോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം അപകടങ്ങളെ നിസ്സാരമായി കാണരുതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' (Al Aman) സോഷ്യൽ മീഡിയ പ്രോഗ്രാമിൽ സംസാരിക്കവെ, ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ആണ് ഇതിനെ കുറിച്ച് വിശദീകരിച്ചത്. അദ്ദേഹം പങ്കിട്ട കണക്കുകൾ പ്രകാരം, 2024-2025 കാലയളവിൽ മാത്രം ഗ്യാസ് ചോർച്ച മൂലം മുന്നൂറിലധികം തീപിടുത്തങ്ങളും ഇരുപത്തിയൊന്ന് സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമീപകാലത്ത് മുഹറഖിലും ആറാദിലും ഉണ്ടായ സ്ഫോടനങ്ങൾ ഈ പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മുഹറഖിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റപ്പോൾ, ആറാദിലുണ്ടായ സ്ഫോടനത്തിൽ കെട്ടിടം തകരുകയും ഒരാൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

ഗ്യാസ് ചോർച്ചയോ മണമോ ശ്രദ്ധയിൽപ്പെട്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കേണൽ ഡോ. ബഹാർ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. പ്രധാനമായും, ഗ്യാസ് മണം അനുഭവപ്പെട്ടാൽ വൈദ്യുത സ്വിച്ചുകളോ ലൈറ്റുകളോ യാതൊരു കാരണവശാലും ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ പാടില്ല. സ്വിച്ച് അമർത്തുമ്പോൾ ഉണ്ടാകുന്ന ചെറിയ സ്പാർക്ക് പോലും വലിയ സ്ഫോടനത്തിന് വഴിവെക്കും. അതുപോലെ തന്നെ ലൈറ്ററുകളോ തീപ്പെട്ടിയോ ഉപയോഗിച്ച് പരിശോധന നടത്തുന്നതും കർശനമായി ഒഴിവാക്കണം.

ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സിലിണ്ടറുകൾ എപ്പോഴും വായുസഞ്ചാരമുള്ള തുറന്ന സ്ഥലങ്ങളിൽ മാത്രമേ വെക്കാവൂ. വൈദ്യുത ഉപകരണങ്ങളുടെയോ സ്വിച്ചുകളുടെയോ അടുത്ത് ഇവ സൂക്ഷിക്കുന്നത് അപകടകരമാണ്. അടുക്കളകളിൽ ഗ്യാസ് കെട്ടിക്കിടക്കാതിരിക്കാൻ എക്‌സ്‌ഹോസ്റ്റ് ഫാനുകളും ആവശ്യത്തിന് വായുസഞ്ചാരവും ഉറപ്പുവരുത്തണം.

കൂടാതെ, സിലിണ്ടറും സ്റ്റൗവും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബുകൾ, റെഗുലേറ്റർ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. ചൂടും ഈർപ്പവും കാരണം ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സമയാസമയങ്ങളിൽ ഇവ മാറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വീട്ടിലെ മുതിർന്നവർ മുതൽ കുട്ടികൾ വരെ ഈ ലളിതമായ സുരക്ഷാ പാഠങ്ങൾ അറിഞ്ഞിരിക്കണമെന്നും അധികൃതർ അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed