യുഎഇയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ


 

അബുദാബി: യുഎഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം. സാമ്പത്തിക, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമ പരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. യുഎഇയുടെ 50-ാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് ഭേദഗതി ചെയ്തത്. ക്രിമിനല്‍ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടുത്ത വര്‍ഷം ജനുവരി രണ്ടോടെ പൂര്‍ണമായും നടപ്പിലാക്കും.
നിയമത്തിലെ പ്രധാന ഭേദഗതിയിലൊന്നാണ് കുറ്റകൃത്യ-ശിക്ഷാ നിയമത്തിലെ മാറ്റങ്ങള്‍. പുതിയ നിയമ പരിഷ്‌കാരം അനുസരിച്ച് സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മികച്ച സംരക്ഷണം ഉറപ്പാക്കും. ബലാത്സംഗത്തിനും സമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ നല്‍കും. എന്നാല്‍ ഇതിന് ഇരയാക്കപ്പെടുന്നത് 18 വയസ്സില്‍ താഴെയുള്ളയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തയാളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും. അപമര്യാദയായി പെരുമാറുന്നവര്‍ക്ക് തടവുശിക്ഷയോ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ശിക്ഷയായി ലഭിക്കും. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ 10 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് തടവുശിക്ഷ ലഭിക്കുക.
വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ക്രിമിനല്‍ കേസെടുക്കും. ആറുമാസത്തില്‍ കുറയാത്ത ശിക്ഷയാണ് ലഭിക്കുക. പരാതി പിന്‍വലിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. വിവാഹേതര ബന്ധങ്ങള്‍ നിയമവിരുദ്ധമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം.

You might also like

  • Straight Forward

Most Viewed