തയ്യിൽ കടപ്പുറത്തെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ്
ഷീബ/കേരളം
കാമുകനൊപ്പം ജീവിക്കാനായി ഒന്നര വയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം കഠിനതടവ്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക ശരണ്യയുടെ ഭർത്താവ് പ്രണവിന് നൽകണം. കേസിൽ പ്രതിയായിരുന്ന ശരണ്യയുടെ കാമുകൻ നിധിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2020 ഫെബ്രുവരി 17-നായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഉറങ്ങിക്കിടന്ന മകൻ വിയാനെ പുലർച്ചെ കടപ്പുറത്തെത്തിച്ച് കടലിലെറിയുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുറ്റം ഭർത്താവിന്റെ മേൽ ചുമത്തി കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതിയെന്ന് പോലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമായത്. ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കടൽവെള്ളത്തിന്റെ അംശം കണ്ടെത്തിയത് പ്രതിയുടെ വാദങ്ങൾ പൊളിക്കാൻ സഹായിച്ചു.
സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുഞ്ഞിനെ കൊന്ന ശേഷം യാതൊരു കൂസലുമില്ലാതെ ഉറങ്ങാൻ കിടന്ന ശരണ്യയുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുക മാത്രമല്ല, ആ കുറ്റം മറ്റൊരാളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതും ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷാവിധി പ്രഖ്യാപിച്ചത്.
aa


