ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല: പ്രണയിതാക്കളെ പെൺകുട്ടിയുടെ സഹോദരങ്ങൾ വെട്ടിക്കൊന്നു
ശാരിക i ദേശീയം
ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രണയത്തിന്റെ പേരിൽ മുസ്ലീം യുവാവിനെയും ഹിന്ദു യുവതിയെയും പെൺകുട്ടിയുടെ ബന്ധുക്കൾ ക്രൂരമായി കൊലപ്പെടുത്തി. അർമാൻ (27), കാജൽ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കെട്ടിയിട്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇതിനിടെയാണ് കാജലുമായി പ്രണയത്തിലായത്. ഇരുവരുടെയും ബന്ധത്തെ കാജലിന്റെ സഹോദരങ്ങൾ ശക്തമായി എതിർത്തിരുന്നു. മൂന്ന് ദിവസം മുൻപ് അർമാനെയും കാജലിനെയും കാണാനില്ലെന്ന് കാട്ടി അർമാന്റെ പിതാവ് ഹനീഫ് പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. കാജലിന്റെ സഹോദരങ്ങൾ തന്നെ പോലീസിനോട് കൊലപാതക വിവരം സമ്മതിക്കുകയും മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൂന്ന് സഹോദരങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
aa


