സി.പി.എം വിട്ട് കൊല്ലത്ത് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ
ഷീബ I കേരളം
സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. കൊല്ലം ജില്ലാ ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖ് അലി തങ്ങൾ സുജയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട സി.പി.എം ബന്ധം ഉപേക്ഷിച്ചാണ് സുജ ലീഗിലേക്ക് എത്തിയത്.
അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള സുജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ സമീപകാലത്തെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ വ്യക്തമാക്കി. യാതൊരുവിധ വാഗ്ദാനങ്ങളും ഇല്ലാതെയാണ് താൻ മുസ്ലിം ലീഗിൽ ചേർന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇതൊരു പുതിയ രാഷ്ട്രീയ പ്രതിഭാസത്തിന്റെ തുടക്കമാണെന്ന് സാദിഖ് അലി തങ്ങൾ പ്രതികരിച്ചു.
കൊല്ലം ജില്ലയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ സി.പി.എം വിടുന്ന രണ്ടാമത്തെ പ്രമുഖ വനിതാ നേതാവാണ് സുജ. കഴിഞ്ഞയാഴ്ച കൊട്ടാരക്കര മുൻ എം.എൽ.എ ഐഷ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
aa


