ശബരിമല സ്വർണ്ണക്കൊള്ള: ആരോപണങ്ങൾ തള്ളി കടകംപള്ളി സുരേന്ദ്രൻ; 'സമ്മാനങ്ങൾ വാങ്ങിയിട്ടില്ല'
ഷീബ/കേരളം:
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അനാവശ്യമായ ബന്ധങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ വീട്ടിൽ ഒരു തവണ മാത്രമാണ് സന്ദർശനം നടത്തിയതെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സന്ദർശന വേളയിൽ താൻ യാതൊരുവിധ സമ്മാനങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൺമാനൊപ്പമാണ് ഒരിക്കൽ പോറ്റിയുടെ വീട്ടിൽ പോയത്. ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് അവിടെ എത്തിയത്. കുട്ടിയുടെ പരിപാടിയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഒരു പിശകാണെന്നും പോറ്റിയുടെ പിതാവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പങ്കെടുത്തതെന്നും അദ്ദേഹം തിരുത്തി. അന്നത്തെ സാഹചര്യത്തിൽ പോറ്റി കളങ്കിതനാണെന്ന് ബോധ്യമുണ്ടായിരുന്നില്ലെന്നും ദേവസ്വം മന്ത്രിക്ക് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്നും കടകംപള്ളി വിശദീകരിച്ചു.
തനിക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഇത്തരം ആക്രമണങ്ങൾ താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും ഉന്നയിക്കപ്പെട്ട എല്ലാ കാര്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ഇതിനെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതിയെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
aa


