കൊട്ടാരക്കരയിൽ നാല് കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ
ഷീബ/കേരളം:
നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് പിടിയിലായി. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ സിന്റു മണ്ഡൽ (19), രാഹുൽ മണ്ഡൽ (19) എന്നിവരെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് പിടികൂടിയത്. തിരുവല്ലയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെയായിരുന്നു ഇവർ വലയിലായത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിൽ, കൊൽക്കത്തയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു. ട്രെയിൻ മാർഗം ചെങ്ങന്നൂരിലെത്തിയ സംഘം അവിടെനിന്നും ബസ്സ് മാർഗം കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു.
സംഭവസ്ഥലത്തു വെച്ചുതന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്.ഐ രഘുനാഥൻ, ആതിര, സി.പി.ഒമാരായ അഭിലാഷ്, ദീപക്, അസർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
aa


