ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക് രണ്ട് വർഷം വരെ തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷയായിരിക്കും ലഭിക്കുക.
നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തും. ഇത്തരത്തിൽ നാട് കടത്തപ്പെടുന്ന പ്രവാസികൾക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുവാദമുണ്ടായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ വിശദമാക്കുന്നു.