സൗദിയിൽ മിസൈൽ - ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സേന തകർത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റിയാദ്: കഴിഞ്ഞ രാത്രി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായെത്തിയ ശത്രുനീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിട്ടത്.
സൗദി തലസ്ഥാനമായ റിയാദിന് തെക്ക്-കിഴക്ക് സ്ഥിതി ചെയ്യുന്ന അൽ-ഖർജ് (Al-Kharj) നഗരത്തിന് സമീപമെത്തിയ ഒരു ക്രൂയിസ് മിസൈൽ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ (X) അറിയിച്ചു. തന്ത്രപ്രധാനമായ ഈ മേഖലയെ ലക്ഷ്യം വെച്ചായിരുന്നു മിസൈൽ എത്തിയത്. എന്നാൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കാൻ സാധിച്ചു.
തലസ്ഥാന നഗരിയായ റിയാദിന് സമീപം എത്തിയ നിരവധി ഡ്രോണുകളും സൈന്യം വിജയകരമായി പ്രതിരോധിച്ചു. ജനവാസ മേഖലകൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ നടന്ന ഈ ഡ്രോൺ ആക്രമണങ്ങളെ ആകാശത്ത് വെച്ച് തന്നെ തകർക്കുകയായിരുന്നു. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ സൗദി അറേബ്യ സജ്ജമാണെന്നും ഏതൊരു പ്രകോപനത്തെയും ശക്തമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
assadsadsa


