ഇറാന്റെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കും; കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റിയാദ്: സൗദി അറേബ്യക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്നും ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും സൗദി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് സൗദി പ്രസ് ഏജൻസി (SPA) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വിമാനത്താവളങ്ങൾ, എണ്ണ നിലയങ്ങൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന ഇറാന്റെ പ്രസ്താവന പ്രായോഗികമായി നടപ്പിലാകുന്നില്ലെന്ന് സൗദി കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ കാരണങ്ങൾ പറഞ്ഞാണ് ഇറാൻ ആക്രമണം തുടരുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്ന വിമാനങ്ങൾക്ക് സൗദി ഇന്ധനം നിറച്ചു നൽകുന്നുവെന്ന ഇറാന്റെ ആരോപണം പൂർണ്ണമായും തെറ്റാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാനിയൻ മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും ഗൾഫ് രാജ്യങ്ങളുടെ ആകാശപരിധി സംരക്ഷിക്കുന്നതിനായി നടത്തുന്ന നിരീക്ഷണ പറക്കലുകളെയാണ് ഇറാൻ തെറ്റായി വ്യാഖ്യാനിക്കുന്നത്. ഇറാൻ ഇപ്പോൾ തുടരുന്ന ശത്രുതാപരമായ നിലപാടുകൾ ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു. സംഘർഷം വ്യാപിപ്പിക്കുന്നത് ഒഴിവാക്കാൻ ഇറാൻ വിവേകത്തോടെ പ്രവർത്തിക്കണമെന്നും, യുദ്ധം വ്യാപിച്ചാൽ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരുന്നത് ഇറാനായിരിക്കുമെന്നും സൗദി അറേബ്യ ഓർമ്മിപ്പിച്ചു.
fgdfg


