ലെവി ഏർപ്പെടുത്തിയതിന് ശേഷം സൗദി വിട്ടത് നാല് ലക്ഷം പേർ
റിയാദ് : സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയതിനുശേഷം നാല് ലക്ഷംപേർ രാജ്യം വിട്ടതായി റിപ്പോർട്ട്. തൊഴിൽ സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. പുതിയ ലെവി പ്രാബല്യത്തിൽ വന്നതോടെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് ഹൗസ് ഡ്രൈവർ, വീട്ടുജോലിക്കാരി, ഹോം നഴ്‌സ് എന്നിവരെ വിദേശങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കുമെന്നും തൊഴിൽസാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ സൗദിയിലെ സ്വദേശിപുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. ഇത് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ദേശീയ പരിവർത്തന പദ്ധതി, വിഷൻ 2030 എന്നിവയിൽ ഉൾപ്പെടുത്തി ഒട്ടേറെ പരിപാടികൾ സ്വകാര്യ മേഖലയിൽ നടപ്പാക്കുന്നുണ്ട്. മൊബൈൽ ഫോൺ കടകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയത് വിജയമാണ്. 12 മേഖലകളിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ അടുത്ത വർഷം ജനുവരിയോടെ സ്വദേശിവൽക്കരണം നടപ്പാക്കും.



