ഇറാന്റെ കണക്കുകൂട്ടലുകൾ തെറ്റി; ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സൗദി വിദേശകാര്യ മന്ത്രി
പ്രദീപ് പുറവങ്കര
റിയാദ്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ആ രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുകയേയുള്ളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ നിലവിലെ കണക്കുകൂട്ടലുകൾ പാടേ തെറ്റാണെന്നും അയൽരാജ്യങ്ങളെ ആക്രമിക്കുന്നതിലൂടെ യാതൊരുവിധ നേട്ടവും കൈവരിക്കാൻ അവർക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ ശേഷിയില്ലെന്നാണ് ഇറാൻ കരുതുന്നതെങ്കിൽ അത് വലിയ അബദ്ധമാണെന്നും, അയൽക്കാരെ ആക്രമിക്കുകയും അതേസമയം തന്നെ ഐക്യദാർഢ്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഇറാന്റെ നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയൽപക്ക ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഇറാൻ നിരന്തരം ലംഘിക്കുന്നത് ആ രാജ്യത്തോടുള്ള വിശ്വാസം തകരാൻ കാരണമായിട്ടുണ്ട്. സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഇറാൻ ബ്ലാക്ക്‌മെയിൽ രാഷ്ട്രീയമാണ് പയറ്റുന്നത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചിരുന്നു. ഇറാന്റെ ഇത്തരം കടന്നുകയറ്റങ്ങളെയും അക്രമണങ്ങളെയും പ്രതിരോധിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കിടയിൽ ശക്തമായ ഏകോപനം നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
asdadsasdas



