സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; പുതിയ റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിൽ
ശാരിക l സൗദി l ഗൾഫ്
സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് വിദേശികൾക്ക് രാജ്യത്ത് ഭൂമി വാങ്ങാൻ അനുമതി നൽകുന്ന പുതിയ റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തിൽ വന്നു. ജനുവരി 22 വ്യാഴാഴ്ച മുതലാണ് ഈ നിയമം നിലവിൽ വന്നത്. 2025 ജൂലൈയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. എണ്ണയിതര വരുമാനം വർധിപ്പിക്കാനും സൗദി റിയൽ എസ്റ്റേറ്റ് വിപണിയെ ഒരു ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമം അന്താരാഷ്ട്ര തലത്തിലുള്ള വൻകിട നിക്ഷേപകരെയും ഡെവലപ്പർമാരെയും സൗദിയിലേക്ക് ആകർഷിക്കുമെന്ന് കരുതപ്പെടുന്നു. ടൂറിസം, വാണിജ്യം, വ്യാവസായം തുടങ്ങിയ മേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കാനും അതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. റിയാദ്, ജിദ്ദ എന്നീ നഗരങ്ങളെ ആഗോള സാമ്പത്തിക കേന്ദ്രങ്ങളായി ഉയർത്തുന്നതിന് ഈ നിയമം പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. വിദേശികൾക്ക് ഭൂമി വാങ്ങാൻ സാധിക്കുന്ന പ്രത്യേക സ്ഥലങ്ങൾ ഈ വർഷം ആദ്യപാദത്തിൽ തന്നെ ‘ഉടമസ്ഥാവകാശത്തിനായുള്ള ഭൂമിശാസ്ത്ര മേഖല രേഖ’ വഴി പ്രഖ്യാപിക്കും.
അതേസമയം, വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും വിദേശികൾക്ക് ഭൂമി വാങ്ങുന്നതിൽ കർശന നിയന്ത്രണങ്ങൾ തുടരും. ഈ നഗരങ്ങളിലെ വസ്തുവകകളുടെ ഉടമസ്ഥാവകാശം മുസ്ലിം വ്യക്തികൾക്കും സൗദി പൗരന്മാരുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യ, ആഗോള നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതവും ലാഭകരവുമായ വിപണിയായി മാറുന്നതിന്റെ സൂചനയായാണ് ഈ നിയമനിർമ്മാണം വിലയിരുത്തപ്പെടുന്നത്.
sdfgs


