ഘാനയിലെ തമാലെ നഗരത്തിൽ ‘ഖലീഫ സ്കൂൾ’ ആരംഭിച്ച് ഖത്തർ ചാരിറ്റി

ഷീബ വിജയൻ
ദോഹ I ഘാനയുടെ വടക്കൻ ഭാഗത്തുള്ള തമാലെ നഗരത്തിൽ സ്കൂൾ ആരംഭിച്ച് ഖത്തർ ചാരിറ്റി. പ്രദേശത്തെ നൂറുകണക്കിന് വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടൊയാണ് ‘ഖലീഫ സ്കൂൾ’ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചത്. ലോകമെമ്പാടും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളെയും അധ്യാപകരെയും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തർ ചാരിറ്റി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്കൂൾ തുറന്നത്. മൂന്ന് ക്ലാസ് മുറികൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, ഡൈനിങ് റൂം, ലൈബ്രറി, ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. ഏകദേശം 150 വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്കൂൾ, ഭാവി ലക്ഷ്യങ്ങളെക്കൂടി ഉൾക്കൊള്ളുന്ന രീതിയിൽ, എൻജിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചിരിക്കുന്നത്.
കടുത്ത ദാരിദ്ര്യവും വിദ്യാഭ്യാസ -ആരോഗ്യ സൗകര്യങ്ങളുടെ അഭാവവും നേരിടുന്ന, ഘാനയിലെ ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ കുട്ടികൾ തിങ്ങിനിരങ്ങിയാണ് പഠിക്കുന്നത്. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം പരിധി കവിയുന്നതുമൂലം ചിലർ പഠനം ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്. കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതിനാൽ കൂടുതൽ ക്ലാസ് മുറികൾ അടിയന്തരമായി ആവശ്യമാണെന്ന് താമലെ സ്കൂൾ പ്രിൻസിപ്പൽ ഇബ്രാഹീം യാകുബു പറഞ്ഞു. സ്കൂളിന്റെ ഉദ്ഘാടനത്തിൽ സന്തോഷം പ്രകടിപ്പിച്ച പാരന്റ്സ് ആൻഡ് ടീച്ചേഴ്സ് കമ്മിറ്റി അംഗമായ ഇദ് രിസ് റഹിമ, ക്ലാസ് മുറികളിൽ ചിലപ്പോൾ 90 വിദ്യാർഥികൾ വരെ ഉണ്ടാകാറുണ്ടെന്നും ചില കുട്ടികൾ തറയിൽ ഇരുന്ന് പഠിക്കാൻ നിർബന്ധിതരാക്കുന്നുവെന്നും പറഞ്ഞു.
ESFDFSFS