അതിവേഗ ഇന്റർനെറ്റ്; മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി ഖത്തർ എയർവേയ്‌സ്

ഷീബ വിജയൻ
ദോഹ: 2025ലെ ഏറ്റവും മികച്ച എയർലൈനായി സ്കൈട്രാക്സ് അവാർഡ് നേടിയ ഖത്തർ എയർവേസിന്റെ 54 ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കി. ഏറ്റവും വേഗമേറിയ വൈ ഫൈ അതിവേഗത്തിൽ ലഭ്യമാക്കുമെന്ന വാഗ്ദാനം ഇതോടെ യാഥാർഥ്യമായി. ഇതോടെ, സ്റ്റാർലിങ്ക് സാങ്കേതികവിദ്യ സജ്ജീകരിച്ച ഏറ്റവും കൂടുതൽ വൈഡ് ബോഡി വിമാനങ്ങളുള്ള എയർലൈൻ ഖത്തർ എയർവേസ് ആയി. സ്റ്റാർലിങ്ക് ഘടിപ്പിച്ച ദീർഘദൂര, അൾട്രാ-ദീർഘദൂര കണക്റ്റിവിറ്റിയിൽ ആഗോള തലത്തിൽ ഖത്തർ എയർവേസ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. മിഡിൽ ഈസ്റ്റ് -വടക്കൻ ആഫ്രിക്ക (മെന) മേഖലയിൽ ഈ സേവനം നൽകുന്ന ഏക കാരിയറും ഖത്തർ എയർവേസാണ്. രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന ഇൻസ്റ്റലേഷൻ ഒമ്പതു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഒരു വിമാനത്തിന് മൂന്നു ദിവസമായിരുന്ന റെട്രോഫിറ്റ് സമയം നിശ്ചയിച്ചിരുന്നത്. പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ തന്നെ, ഇത് 9.5 മണിക്കൂറായി കുറച്ചതിലൂടെ സ്റ്റാർലിങ്ക് ഘടിപ്പിക്കുന്നത് പെട്ടെന്ന് പൂർത്തിയാക്കി. ഖത്തർ എയർവേസിൽ വേഗമേറിയതും തടസ്സങ്ങളില്ലാത്തതുമായ ഇൻഫ്ലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്തിരുന്നു. സ്റ്റാർലിങ്ക് വഴി അത് കൂടുതൽ വേഗത്തിലും സമാനതകളില്ലാത്ത അളവിലും യാഥാർഥ്യമാക്കിയതായി ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
desdefsdfs