മസാദ് അൽ ജംറോക്; ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ 100 ലോട്ട് ചരക്കുകൾ ലേലം ചെയ്തു

ഷീബ വിജയൻ
ദോഹ: സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസും (ജി.എ.സി) സംയുക്തമായി ‘മസാദ് അൽ ജംറോക്’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ 100 ലോട്ട് ചരക്കുകൾ ലേലം ചെയ്തു. വ്യാഴാഴ്ച വരെയാണ് ലേലം നടന്നത്. ഇതിലൂടെ പൗരന്മാർക്കും ബിസിനസുകൾക്കും സുരക്ഷിതമായും സുതാര്യമായും ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലേലങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കി. ടാസ്മു സ്മാർട്ട് ഖത്തർ പ്രോഗ്രാമിന്റെ ഭാഗമായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നിർണായക പങ്കോടെ രൂപകൽപന ചെയ്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആണ് ‘മസാദ് അൽ ജംറോക്’. ഉപഭോക്താക്കൾക്ക് ലിസ്റ്റിങ്ങിനും ബിഡുകൾ നൽകാനും ഇടപാടുകൾ പൂര്‍ത്തിയാക്കാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. ഉൽപന്ന മൂല്യനിർണയം മുതൽ പേമെന്റ് വരെയുള്ള മുഴുവൻ കസ്റ്റംസ് പ്രവൃത്തികളും ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ, കാര്യക്ഷമത മെച്ചപ്പെടുത്താനും ചെലവുകൾ കുറക്കാനും പൊതുജനപങ്കാളിത്തം വർധിപ്പിക്കാനും പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
aeqeeweqw