ഒമാനും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

മസ്കത്ത്: കുവൈത്തിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നും പ്രവാസികളെ ഒഴിവാക്കി ഒമാനും. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലടക്കം വിവിധ തസ്തികകളിൽ നിന്നും വിദേശപൗരന്മാരെ ഒഴിവാക്കുന്നത്.
ഇൻഷുറൻസ് കന്പനികളിലെ ഫിനാഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ, ബ്രോക്കറേജ് ജോലികൾ, മാളുകളിലെ സാധനങ്ങൾ തരംതിരിക്കൽ, വിൽപന, അക്കൗണ്ടിംഗ്, മണി എക്‌സ്‌ചേഞ്ച്, വാഹന ഏജൻസികളിലെ അക്കൗണ്ടിംഗ് ജോലികൾ, വാഹനങ്ങളുടെ വിൽപന, ഓഡിറ്റിംഗ് തുടങ്ങിയ ജോലികളിൽ ഇനി മുതൽ സ്വദേശികളെ മാത്രമേ നിയമിക്കുകയുള്ളു. ഈ ജോലികളിൽ വിദേശികൾക്ക് പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
അദ്ധ്യാപനരംഗത്തും ഇനി മുതൽ വിദേശികൾക്ക് അവസരമുണ്ടാവുകയില്ലെന്ന് ഒമാൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാൽ പുതുക്കി നൽകില്ല.
പുതിയ ഉത്തരവ് നിരവധി മലയാളി പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇപ്പോൾ സന്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കിയ മേഖലകളിലെല്ലാം വിവിധ തസ്തികകളിലായി നിരവധി മലയാളികളാണ് ജോലി ചെയ്തുവരുന്നത്. വിസ പുതുക്കി നൽകിയില്ലെങ്കിൽ ആയിര കണക്കിന് പേർക്കായിരിക്കും ജോലി നഷ്ടപ്പെടുക.