ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒഴുക്കിൽപ്പെട്ടു; രണ്ടു മരണം, ഒരാളെ കാണാതായി
ഷീബ വിജയൻ
ഒമാനിലെ ബർകയിൽ ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കുത്തൊഴുക്കിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അകപ്പെട്ട് രണ്ട് പേർ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ലുബിഷാദിന്റെ ഭാര്യ ഷാമില (32), സുഹൃത്തായ തൃത്താല സ്വദേശി യൂസഫ് (37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന യൂസഫിന്റെ മാതാവ് റംലത്തിനെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.
ബർക സൂഖിലെ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് ലുബിഷാദും യൂസഫും അവരുടെ കുടുംബങ്ങളും സഞ്ചരിച്ചിരുന്ന വാഹനം വാദിയിലെ (കനാൽ) ശക്തമായ ഒഴുക്കിൽപ്പെട്ടത്. അപകടസ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയാണ് തകർന്ന നിലയിൽ വാഹനം കണ്ടെത്തിയത്. ലുബിഷാദും മക്കളും ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. മസ്കത്തിലെ സീബിൽ സൈക്കിൾ ഷോപ്പ് നടത്തിവരികയായിരുന്നു ലുബിഷാദ്. നിലവിൽ മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു.
qwsaqswdwaqs



